ഓര്‍‍മ്മകള്‍

യുവജന സംഘം വായനശാല
ഒരു ദേശത്തിന്റെ സാംസ്ക്കാരിക വളര്‍ച്ചക്ക് ഏറെ സംഭാവനകള്‍ ചെയ്യുവാനുതകുന്ന ഒരു സ്ഥാപനമാണ്‌ വായനശാല. ചെറിയൊരു വരിസംഖ്യ, അതു വര്‍ഷത്തിലോ മാസത്തിലോ അടച്ചാല്‍ വായനശാലയില്‍ അംഗത്വമെടുക്കാം. മലയാള സാഹിത്യത്തിലെ ഒട്ടു മിക്ക മേഖലകളും കൈകാര്യം ചെയ്യുന്ന ചെറുതും വലുതുമായ ഒട്ടേറെ പുസ്തകങ്ങള്‍ വായനശാലകളില്‍ ഉണ്ടായിരിക്കും.
അങ്ങിനെ വളരെ നല്ല പുസ്തക ശേഖരമുണ്ടായിരുന്ന ഒരു വായനശാല ചിറ്റണ്ടയിലുണ്ടായിരുന്നു. മലയാള ഭാഷയില്‍ എനിക്കല്‍പ്പമെങ്കിലും ഉള്ള ഈ അറിവിനു ഞാന്‍ കടപ്പെട്ടിരിക്കുന്നത് ചിറ്റണ്ടയിലെ വായനശാലയോടാണെന്ന് അഭിമാനത്തോടെ പറയട്ടെ. എന്നെ ആദ്യമായി വായനശാലക്ക് പരിചയപ്പെടുത്തിയത് ആരാണെന്ന് ഓര്‍ക്കുവാന്‍ കഴിയുന്നില്ല. മാതാപിതാക്കളായിരുന്നുവൊ..സുഹൃത്ത് സുരേഷായിരുന്നുവോ..എങ്ങിനെയോ ഞാനാദ്യമായി വായനശാലയിലെത്തി. അന്നു എന്തു കിട്ടിയാലും വായിക്കാനും ഒന്നു മറിച്ചു നോക്കുവാനെങ്കിലും താല്‍പര്യം കാണിച്ചിരുന്ന എനിക്ക്, വായനശാല ഒരല്‍ഭുത ലോകമായിരുന്നു. ചിറ്റണ്ട സെന്ററില്‍ തന്നെയാണ്‌ വായനശാല. മൂന്നു മുറികളുള്ള ഓടിട്ട കെട്ടിടം. ചുറ്റും മരത്തിന്റെ അലമാരകള്‍. അതില്‍ നിറയെ പുസ്തകങ്ങള്‍ ! മുന്നില്‍ ഒരു വശത്തു നീളന്‍ മേശ. മേശപ്പുറത്തൊരു എമണ്ടന്‍ റേഡിയോ. ആ റേഡിയോ ഒരു ഉച്ചഭാഷിണിയുമായി ബന്ധപ്പെടുത്തിയിരുന്നു. ആ ഉച്ചഭാഷിണിയിലൂടെ വൈകുന്നേരങ്ങളില്‍ ചിറ്റണ്ടക്കാര്‍ ആകാശവാണി കേട്ടിരുന്നു. നടുവില്‍ ഒരു മേശ. മേശക്കു പിന്നില്‍ ഒരു മരക്കസാര. കസേരയില്‍ ഗോപാലകൃഷ്ണന്‍ എന്നൊരാള്‍ ! അദ്ദേഹമായിരുന്നു  അക്കാലത്ത് വായനശാലയുടെ ചുമതലക്കാരന്‍. വൈകീട്ട് അഞ്ച് അഞ്ചരയോടെവായനശാല തുറക്കുക, ഇരുട്ടുമ്പോള്‍ അടക്കുക, വരിക്കാര്‍ക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷം പുസ്തകങ്ങള്‍ നല്‍കുക-ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ പതിവു ജോലികള്‍. ചില ദിവസങ്ങളിലൊക്കെ റേഡിയോ പ്രവര്‍ത്തിപ്പിക്കാന്‍ മറക്കും. ഈ റേഡിയോയുമായി ബന്ധപ്പെട്ട ഒരോര്‍മ്മ. സന്ധ്യക്ക് ആറ് അഞ്ചിന്‌ പ്രാദേശിക വാര്‍‍ത്തകളുണ്ട്  ആകാശവാണിയില്‍. അന്ന് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്ന കാലം. ഒരു ദിവസം ഉച്ചക്ക് ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്തയെത്തി. ഇന്ദിരാ ഗാന്ധിക്ക് വെടിയേറ്റിരിക്കുന്നു. അന്ന് ഇന്നത്തേ പോലെ വാര്‍ത്തകള്‍ തല്‍സമയം ലഭിക്കാന്‍ ഫസ്റ്റ് വിഷ്വല്‍സും എക്സ്ക്ലൂസീവ് സ്ക്രോളിങ്ങും നല്‍കുന്ന വാര്‍ത്താ ചാനലുകളില്ല..ടിവി എത്തിയിട്ടു തന്നെയില്ല. ആകെ ഒരാശ്രയം റേഡിയോ തന്നെ..പിന്നെ പത്രവും.അന്നുച്ചയോടെയാണ്‌ റേഡിയോവിലൂടെ അവര്‍ക്ക് വെടിയേറ്റ വാര്‍ത്ത വന്നത്.. അവര്‍ അതില്‍ കൊല്ലപ്പെട്ടുവെന്നും ഇല്ലെന്നുമുള്ള വാര്‍ത്തകള്‍ പരന്നു. ഗതാഗതം സ്തംഭിച്ചു. നടന്നും സൈക്കിളിലും മറ്റും വടക്കാഞ്ചേരിയില്‍ നിന്നും വന്നവരോടൊക്കെ ജനം തിരക്കി..എന്തെങ്കിലും? വൈകീട്ട് 6.05ന്‌ ആകാശവാണി വാര്‍ത്തകള്‍ കേള്‍ക്കാനായി വന്‍ ജനക്കൂട്ടം വായനശാലക്കുമുന്നില്‍ തടിച്ചുകൂടി. വായനശാലക്കകത്തു നിന്ന് ഞാനും ജനക്കൂട്ടത്തിനൊപ്പം നടുക്കത്തോടെ ആ വാര്‍ത്ത കേട്ടു. പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി ആ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. വാര്‍ത്ത തീര്‍ന്നതോടെ റേഡിയോ ഓഫാക്കി. ആ വാര്‍ത്ത കേട്ട് ജനങ്ങള്‍ തരിച്ച നിമിഷം ഇന്നും ഓര്‍മ്മയില്‍.. 
എന്റെ വായനശാല ജീവിതത്തിലേക്ക് വീണ്ടും:ആരുടെ ഉപദേശമായിരുന്നു എന്നോര്‍മ്മയില്ല, ബാല സാഹിത്യത്തിലായിരുന്നു ആദ്യമായി കൈവച്ചത്. വായനശാല നിയമം അനുസരിച്ച് പുസ്തകങ്ങള്‍ സൂചികാ രജിസ്റ്റര്‍ നോക്കി ആവശ്യപ്പെടണം, വായനശാല ഉദ്യോഗസ്ഥന്‍ അതെടുത്തു തരും. അതായത്‌ ഒരു മെംബര്‍ക്ക് അലമാരയില്‍ നിന്നും പുസ്തകം നേരിട്ടെടുക്കാന്‍ അനുവാദമില്ല.  അന്നും സ്ഥിരമായി വായനശാല സന്ദര്‍ശിക്കുകയും പതിവായി പുസ്തകങ്ങള്‍ എടുക്കുകയും ചെയ്തിരുന്നവര്‍ കുറവായിരുന്നു. ചുരുങ്ങിയ കാലം കൊണ്ടു പതിവായി വായനശാലയില്‍ വരുന്നവന്‍ എന്ന ലേബലില്‍ എനിക്കു ചില സൗകര്യങ്ങളൊക്കെ അനുവദിച്ചുകിട്ടിയിരുന്നു. അതായത് അലമാരയില്‍ തെരച്ചില്‍ നടത്തി ഇഷ്ടപ്പെട്ടവ സ്വയം തെരഞ്ഞെടുക്കാം. ഒരു  പതുവുകാരനുള്ള പരിഗണന! അങ്ങനെ ഒരു കൊച്ചലമാരയില്‍ ഉണ്ടായിരുന്ന ഏതാണ്ടെല്ലാം വായിച്ചു. അതില്‍ നൂറ്റി ഒന്നു ബാല കഥകള്‍ എന്നൊരു തടിച്ച ഗ്രന്ഥമുണ്ടായിരുന്നു,അതിലെ ഓരോ കഥകളും വളരെ മികച്ചവയായിരുന്നു. ഒരുസ്കൂള്‍ അവധിക്കാലത്ത് അതു മുഴുവന്‍ ഞാന്‍ വായിച്ചു . ദിവസങ്ങള്‍ കുറെയെടുത്തുട്ടോ.
അതിലെ ഓരോ കഥകളും എനിക്കോരോ അനുഭവമായിരുന്നു. കഥകള്‍ക്കൊപ്പം..കഥാ പാത്രങ്ങള്‍ക്കൊപ്പം മനസ്സും സഞ്ചരിച്ചു. പയറു വള്ളിയില്‍ പിടിച്ചുകയറി ആകാശക്കൊട്ടാരത്തിലെത്തിയ ബാലനൊപ്പം ഞാനും.. ആ അനുഭൂതിയില്‍ ലയിച്ചു ചേര്‍ന്നു.
 
പിന്നെ പിന്നെ വേളൂര്‍ കൃഷ്ണന്‍ കുട്ടിയും സുകുമാറും കോട്ടയം പുഷ്പനാഥും ബാറ്റണ്‍ ബോസും കാനവും ഉറൂബും തൊട്ട് വല്ലച്ചിറ മാധവന്‍ വരെ ഇഷ്ട എഴുത്തുകാരായി. പിന്നീടൊരിക്കല്‍ വായനശാലയില്‍ കണക്കെടുപ്പും പുസ്തക സെന്‍സസും നടന്നപ്പോള്‍ അന്നത്തെ മാനേജര്‍ സോമശേഖരന്‍ മാസ്റ്റര്‍ എന്നെയും കൂട്ടി സംഘത്തില്‍,വായനശാലയുമായി അടുപ്പമുള്ളൊരാള്‍ എന്ന നിലക്ക്. അതൊരംഗീകാരമായി അന്നുമിന്നും കരുതുന്നു. ഒപ്പം സുരേഷും. അതിനു ശേഷം സുരേഷായിരുന്നു വളരെയേറെക്കാലം വായനശാല ഇന്‍-ചാര്‍ജ്ജ്. പിന്നീട് വായനശാലയോട് ചേര്‍ന്ന് ക്ലബ്ബും, ക്ലബ്ബില്‍ കാരംസും ചെസ്സും കളികളും അങ്ങനെയങ്ങനെ..പിന്നീടെപ്പോഴോ അവിടെ ടിവി വന്നു. ഇപ്പോള്‍ ആ പഴയ കെട്ടിടമേ ഇല്ല. ഇനി പുതിയ കെട്ടിടം വരുമെന്നും വീണ്ടും വായന വളരുമെന്നും പ്രത്യാശിക്കാം. ഇന്നിപ്പോള്‍ ടിവിയും മൊബൈലും എം പി ത്രീയുമൊക്കെ അരങ്ങുവാഴുന്ന ഇക്കാലത്ത് എത്ര പേരെ വായനശാലക്കാകര്‍ഷിക്കാന്‍ കഴിയുമെന്നത്‌  കണ്ടുതന്നെ അറിയണം.  
രചന: ബൈജു സുൽത്താൻ

_________________________________________________________________________________________
അഹമ്മദാബാദില്‍ ജനിച്ച് വളര്‍ന്നയാളാണ്‌ ഞാന്‍. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും അവിടെ വച്ചു തന്നെ. എന്നിരുന്നാലും വേനലവധിക്കാലത്ത് ചിറ്റണ്ട സന്ദര്‍ശനം പതിവായിരുന്നു. ഞാനോര്‍ക്കട്ടെ..പറമ്പിലെ പേര മരത്തില്‍ പൊത്തിപ്പിടിച്ചു കയറുക അപ്പോഴത്തെ പ്രധാന വിനോദങ്ങളിലൊന്നായിരുന്നു. വാനരന്മാരെപ്പോലെ മരത്തില്‍ കയറാന്‍ പെണ്‍കുട്ടികള്‍ക്കുമാവുമോ എന്നതിശയിക്കുന്ന കസിന്‍സിനു മുന്നില്‍ ധൈര്യവതിയായി ഷൈന്‍ ചെയ്തിരുന്ന കാലം.  ഞങ്ങള്‍ കുട്ടികളെല്ലാം ചേര്‍ന്ന് കൊടുമ്പ് അമ്പലത്തിലേക്ക് പോവാറുണ്ടായിരുന്നു, ഒരു കാനനയാത്രയുടെ വീരസാഹസികത നിറഞ്ഞ ഓര്‍മ്മകള്‍.  ശങ്കരമംഗലം അമ്പലത്തിലെ പായസമാണ്‌ മറ്റൊരു ഓര്‍മ്മ. ദൈവീക ദര്‍ശനത്തിലുപരി പായസത്തിന്റെ മാധുര്യം തന്നെയയിരുന്നു ഒരു പക്ഷേ, വീണ്ടും അമ്പലത്തിലേക്ക് പോകുവാന്‍ പ്രേരിപ്പിച്ചിരുന്നത്.
 
ഇപ്പോ മാതാപിതാക്കള്‍ ചിറ്റണ്ടയിലാണ്‌. ഞാനിവിടെ ഡെല്‍ഹിയിലും. എങ്കിലും കുട്ടികളെ അവധിക്കാലത്ത് ചിറ്റണ്ടയിലെത്തിക്കാന്‍ ശ്രമിക്കാറുണ്ട്. അവര്‍ ആ ഗ്രാമീണത അനുഭവിക്കട്ടേ..ഒരിക്കലും ഡെല്‍ഹി പോലൊരു മഹാനഗരത്തില്‍ ആ സുഖം അനുഭവിക്കാനാവില്ലല്ലോ..
രചന: ശ്രീമതി സുധ
_________________________________________________________________________________________

 1975 ലാണ്‌ ഞാനും ചിറ്റണ്ടയും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. അക്കാലം വരെ അടുത്ത പ്രദേശമായ കുമ്പളങ്ങാടായിരുന്നു താമസം, കുട്ടിക്കാലം ചെലവഴിച്ചതും അവിടെത്തന്നെ. എഴുപത്തഞ്ചില്‍ ചിറ്റണ്ട, പതിയാരത്ത്‌ എത്തി. പിന്നീട് നാലു വര്‍ഷക്കാലം ഊട്ടിയില്‍ പഠനം. പിന്നീട് എണ്‍പത്തി രണ്ടുമുതല്‍ ഡെല്‍ഹി ജീവിതം. 

   പിന്നീടിന്നുവരെ ഓരോ അവധിക്കാലത്തും ചിറ്റണ്ടയിലെ വീട്ടില്‍ പോവുക പതിവാണ്‌. മാതാപിതാക്കളും സഹോദരനും ഇപ്പോഴും ചിറ്റണ്ട പതിയാരത്ത് താമസിക്കുന്നു. എന്റെ ഗ്രാമത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ എനിക്ക് ഗൃഹാതുരത്വമാണ്‌ സമ്മാനിക്കുന്നത്. ഇടതൂര്‍ന്ന വളര്‍ന്ന  മരങ്ങളുടെ തണുപ്പുള്ള തണല്‍ നിറഞ്ഞ വിശാലമായൊരു പറമ്പിലായിരുന്നു വീട്. സര്‍ വ്വകലാശാലാ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുമ്പോള്‍, പിന്നീടവധിക്കാലത്ത് നേരം കൊല്ലാന്‍..അപ്പോഴൊക്കെ അവിടെ ആ തണലില്‍ കഴിച്ച് കൂട്ടാറള്ള സമയം..ഭൂമിദേവിയുടെ മടിത്തട്ടില്‍..ഇളം കാറ്റേറ്റ്..നിഴലും വെളിച്ചവും ഇണചേര്‍ന്ന് കിടക്കുന്ന മണ്ണില്‍..കിളികളുടെ കളകൂജനങ്ങളും അണ്ണാറക്കണ്ന്റ്റെ ‘ഛില്‍ ഛില്‍’ നാദവും ശ്രവിച്ച്..പൂക്കളുടെ നറുമണം നുകര്‍ന്ന്..പഴുത്തു നില്‍ക്കുന്ന ചക്കയുടെയും, മാങ്ങയുടെയും, കശുമാങ്ങയുടെയും, ഞാവല്‍ പഴത്തിന്റെയും, പേരക്കയുടെയും മൂക്കു തുളച്ചുവരുന്ന..കൊതിപ്പിക്കുന്ന ഗന്ധം ആസ്വദിച്ച്  അവിടെ കഴിച്ചുകൂട്ടിയിരുന്ന നിമിഷങ്ങള്‍ീങ്ങിനെ മറക്കാനാവും?! സായം സന്ധ്യകളില്‍ അങ്ങ്‌ ചക്രവാള സീമയില്‍ മറയുന്ന..ആ വലിയ പാറക്കു പിറകില്‍ ഒളിക്കുന്ന.. സൂര്യനെ നോക്കി..ഇരുന്നിട്ടുള്ള ദിനങ്ങള്‍.  ഇന്നും ഒരു നഗരത്തില്‍ ജനിച്ച് നഗരവാസിയായി വളരുന്ന എന്റെ മകളേയും കൂട്ടി ഞാനതേ സ്ഥലത്തെത്താറുണ്ട്. പക്ഷേ..കൂടുതല്‍ വളര്‍ന്ന മരങ്ങള്‍ പല കാഴ്ചകളേയും മറക്കുന്നുവോ?! അവിടെ ധാരാളം മയിലുകള്‍ വിഹരിക്കാറുണ്ടായിരുന്നു. മാനം കറുക്കുമ്പോള്‍..ആ മയിലുകള്‍ പീലിവിടര്‍ത്തിയാടുന്ന മനോഹര കാഴ്ചകള്‍ ഞാനെത്രവട്ടം കണ്ടിരിക്കുന്നു. പിന്നാലെ എത്തും..വന്‍ ഇടിമുഴക്കങ്ങള്‍..മഴ !!
 
അവിടെ നിന്നും പെറുക്കിയെടുക്കുന്ന മയില്‍ പീലികള്‍, കാട്ടുപന്നിയുടെ മുള്ളുകള്‍.. എല്ലാം സൂക്ഷിച്ചുവക്കുന്നൊരു പതിവുണ്ടായിരുന്നു അന്നൊക്കെ.
 “ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തില്‍, ഡെല്‍ഹി പോലൊരു മഹാനഗരത്തില്‍ ജീവിച്ചു തീര്‍ക്കുമ്പോഴും..ഉള്ളില്‍ ഒരാഗ്രഹം മാത്രം – ജീവിത സായാഹ്നത്തില്‍ നാട്ടില്‍ തിരിച്ചുപോയി ആ ഗ്രാമീണ മനോഹാരിതയില്‍ ലയിച്ച് ശാന്തവും സമാധാനവും നിറഞ്ഞ വിശ്രമ ജീവിതം, കാത്തിരിക്കുകയാണ്‌, കൊതിയോടെ”
 
രചന: ശ്രീ വിജയൻ പുന്നത്തൂർ, ന്യൂ ഡെൽഹി

 

 

9 thoughts on “ഓര്‍‍മ്മകള്‍

  1. ഞാനും ഒരുപാടു വായിയ്കുമായിരുന്നു. പക്ഷെ ഇപ്പോള്‍………………..

    അധികമൊന്നും കിട്ടാറില്ല. അതുകൊണ്ട് കിട്ടുന്നത് വായിയ്കുക എന്ന പതിവാക്കി.

  2. യുവ ജന സംഗം വായന ശാല… ഒരു ജനതയുടെ ആവിഷ്കാരം ആയിരുന്നു അത്… ഓരോരോ ബുക്ക്‌ കളും ആാർതിയൊദെ വായിച്ചിരുന്ന കാലം.. ആദ്യം ആയി ഒരു ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് tv വന്നപ്പോൾ ഒത്തിരി സന്തോഷം.. വേൾഡ് കപ്പ്‌ അത് ക്രിക്കറ്റ്‌ ഓ ഫുട് ബോൾ ഓ ആയിക്കോട്ടെ.. ആരുടേയും വീട്ടില് പോകാതെ കാണാം എന്ന് ഒരു അഹങ്കാരവും… അവസാനം രാഷ്ട്രീയ അതിപ്രസരം അവിടെയും വന്നപ്പോൾ ഒരു ഗുഡ് ബൈ പറഞ്ഞു… ഒത്തിരി സങ്കടടോടെ….വിജ്ഞാന്നം പകര്ന്നു കൊടുക്കേണ്ട പുണ്യ സ്ഥലം രാഷ്ട്രീയ കാരുടെ ക്യാമ്പ്‌ ആയി മാറിയതോടെ അതിന്റെ തകര്ച്ചയും തുടങ്ങി… എന്നെങ്കിലും രക്ഷപെടെട്ടെ എന്ന് ആത്മാര്തമായി പ്രാര്തിക്കുന്നു…

    വിനയ് കുമാർ

  3. The School came into existence as a result of the efforts of some enlightened citizens of Chittanda.They had to fight against the Church which owned a UP School at Kundanoor.Now it is the pride of the village.The School does possess all the facilities with a dedicated team of teachers and a vigilant PTA.The committee with its enthusiastic President- Vaayanasaala Commttee- is doing every thing possible to make it equipped with all modern facilities to compete with the contemporaries.Best wishes to the great GUPS Chiianda.

  4. Excellent coverage of Library. I remember that in the start of this library so many people worked for the upliftment of this lbrary and it resulted good impact on the progress of Chittanda. Participaton of people was very good and as such the growth of Library also good. I hope in future also this library will become an example of other villages. Best wishes for all active participants of growth of this Library.
    K.V.Vaidyanathan, Ahmedabad

venkiteswaran M R ന് മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )