ആമുഖം

ചിറ്റണ്ട: പ്രകൃതിമനോഹാരിതയാല്‍ അനുഗ്രഹീതമായോരു കേരള ഗ്രാമം. സര്‍ക്കാര്‍ രേഖകളില്‍,  തൃശ്ശൂര്‍ ജില്ലയില്‍, തലപ്പിള്ളി താലൂക്കില്‍, എരുമപ്പെട്ടി പഞ്ചായത്തിലാണ്‌‍ ചിറ്റണ്ട ഗ്രാമം. കുന്നംകുളം നിയോജക മണ്ഡലത്തിലും ഒറ്റപ്പാലം ലോകസഭാ മണ്ഡലത്തിലും ഉള്‍പ്പെടുന്നു ചിറ്റണ്ട.
തൃശ്ശൂര്‍ നഗരത്തില്‍ നിന്നും 25 കിലോമീറ്ററാണ്‌ ചിറ്റണ്ടയിലേക്കുള്ള ദൂരം. വടക്കാഞ്ചേരിയില്‍ നിന്നും ഏതാണ്ട് 7 കിലോ മീറ്ററും. വടക്കാഞ്ചേരിയും തൃശ്ശൂരും തന്നെയാണ്‌ കൂടുതലായി ചിറ്റണ്ട സ്വദേശികള്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന പ്രധാന പട്ടണങ്ങള്‍. കുന്നംകുളവും ഷൊര്‍ണ്ണൂരും പട്ടാമ്പിയുമെല്ലാം അത്ര ദൂരത്തല്ലെങ്കിലും വ്യാപാര സംബന്ധമായ അടുപ്പമാണ്‌ ജനങ്ങള്‍ക്ക് കൂടുതല്‍.
ഒരു തപാലാപ്പീസും (പോസ്റ്റ് ഓഫീസ്)  സ്കൂളും ഫോറസ്റ്റ് ഓഫീസുമാണ്‌ മാത്രമാണ്‌ സര്‍ക്കാരുമായി  ബന്ധമുണ്ടെന്ന്‌ പറയാവുന്ന പൊതു സ്ഥാപനങ്ങള്‍. മൂന്നോ നാലോ സൂപ്പര്‍മാര്‍ക്കറ്റുകളും (!) കൊച്ചു പലചരക്കു കടകളും നാടന്‍ ചായക്കടകളും സ്കൂളിനു മുന്നില്‍ കൊച്ചു പെട്ടിക്കടയും ബാര്‍ബര്‍ ഷാപ്പുകളും കള്ളു ഷാപ്പും (ഉശിരന്‍ ചാരായക്കടയുണ്ടായിരുന്നു പണ്ട്, അതൊക്കെ സര്‍ക്കാര്‍ നിര്‍ത്തലാക്കിയില്ലേ) പച്ചക്കറിക്കടയും..ഇതൊക്കെയാണ്‌ പ്രധാന വ്യാപാര കേന്ദ്രങ്ങള്‍.
നാനാജാതി മതസ്ഥര്‍ സോദരത്വേന വാഴുന്ന ഒരു മാതൃകാ ദേശം തന്നെയാണ്‌ ചിറ്റണ്ട. കുണ്ടന്നൂര്‍ കഴിഞ്ഞ് തൃക്കണാപതിയാരം മുതല്‍ പൂങ്ങോട് അവസാനം വരെയാണ്‌ ചിറ്റണ്ടയുടെ റോഡ് അതിര്‍ത്തി.മിക്കവാറും മൊബൈല്‍ കമ്പനികളുടെ കവറേജ് ഏരിയയില്‍ പെടുന്നു ചിറ്റണ്ട. പൊതുവേ ഉയര്‍ന്ന പ്രദേശമായതിനാല്‍ തൃശ്ശൂരില്‍ നിന്നുള്ള സ്വകാര്യ എഫ്.എം  സ്റ്റേഷനുകളില്‍ ഒരെണ്ണമെങ്കിലും ചിറ്റണ്ടയില്‍ ലഭിക്കുണ്ട്. മിക്കവാറും എല്ലാ വീടുകളും വൈദ്യുതീകരിച്ചവയാണ്‌. സാക്ഷരതയിലും പിന്നോക്കമല്ല നാട്ടുകാര്‍. ആദ്യകാലങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസത്തിന്‌ ഗൗരവം നല്‍കുന്ന സമീപനമാണിപ്പോള്‍ കാണാവുന്നത്. സ്കൂളില്‍ പോകാത്തവര്‍ കുറവാണ്‌.
ഇവിടെയുള്ള ഓരോ പേജുകളിലും ചിറ്റണ്ടയെപ്പറ്റി കൂടുതലായി വിശദീകരിക്കാന്‍ ശ്രമിച്ചിരിക്കുകയാണ്‌. ഒരു എളിയ ശ്രമം. ഒരു കൂട്ടം സഹൃദരായ സുഹൃത്തുക്കളുടെ സംഭാവനകളാണ്‌ ഉള്ളടക്കത്തിന്റെ കാതല്‍. തിരുത്തുകളോ, മാറ്റങ്ങളോ, കൂടുതലായി ചേര്‍ക്കേണ്ടതോ ആയി എന്തെങ്കിലും ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക.
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം !

19 thoughts on “ആമുഖം

  1. വളരെ നല്ല ശ്രമം. ചിറ്റണ്ടയ്ക്കും ഇന്റര്‍നെറ്റില്‍ ഒരിടം കിട്ടിയതില്‍ സന്തോഷം, ഏറെ നന്ദി.

  2. സുഹൃത്തെ,
    ഞാന്‍ നിങ്ങളുടെ ഗ്രാമത്തിലെ ഒരു സുഹൃത്തിനെ തേടുകയാണ്. പേര് അനില്‍കുമാര്‍ വി.
    (‘ധന്യ’, ചിറ്റണ്ട പി ഓ. എന്ന വിലാസം ഓര്‍മ്മയില്‍ ഉണ്ട്.) ഇയാള്‍ കേരളവര്‍മ്മയില്‍ പഠിച്ചു. ബോംബയില്‍ ഫ്രീ പ്രസ് ജെര്‍ണളിലും പിന്നീട് ബിസിനസ്സ് സടാണ്ടാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്നു.

  3. പ്രിയ സുരേഷ്,
    ഞാന്‍ മധു, ഇപ്പോള്‍ ദുബായില്‍.
    മുകളില്‍ കൊടുത്ത സന്ദേശം അനിലിനു അയച്ചുകൊടുത്തത്തിനു വളരെ നന്ദി!
    ഇന്ന് ഞാന്‍ അനിലുമായി സംസാരിച്ചിരുന്നു; പത്തുകൊല്ലങ്ങള്‍ക്ക് ശേഷം!
    ഇതുപോലുള്ള സമൂഹ വെബ് സൈറ്റുകള്‍ വളരെയധികം ഉപകാരപ്രദം ആണ് എന്നതിന് മറ്റൊരു തെളിവാണിത്. നിങ്ങളുടെ സരംഭം ഇനിയും ഗംഭീരമാകട്ടെ…
    (നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം !)

    നിങ്ങളുടെ ടീമില്‍ പലരും ദുബായില്‍ ഉണ്ടെന്നു അനില്‍ പറഞ്ഞു. സൌഹൃദത്തിന് സ്വാഗതം….
    മധു.

  4. വളരെ രസകരമായി വിവരിച്ചിരിക്കുന്ന ചിറ്റണ്ട എന്ന നാടിനെ. അവിടെ പോയ പോലെയുണ്ട്.
    ഞാനും എന്റെ ഗ്രാമത്തെ കുറിച്ച് എഴുതണമെന്ന് വിചാരിച്ചിരിക്കയായിരുന്നു. ഇത് വായിച്ചപ്പോള്‍ എന്തൊക്കെ എലിമെന്റ്സ് ആണ് നിരത്തേണ്ടതെന്ന് ഒരു ഐഡിയ കിട്ടി.
    നാന്‍ ഒരു കവറിങ്ങ് പേജ് മാത്രമേ വായിച്ചുള്ളൂ. ഇനിയും ഉണ്ടെങ്കില്‍ വായിക്കാം. പ്രതികരിക്കാം.

    സ്നേഹത്തോടെ
    ജെ പി അങ്കിള്‍

    കുറിപ്പ്: കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ വന്നപ്പോള്‍ എന്റെ വീട്ടിനടുത്ത് പല തവണ വന്നിട്ടും, നമുക്ക കണ്ടു മുട്ടാനായില്ലാ എന്ന് കേട്ടപ്പോള്‍ എനിക്ക് ഒരു പാട് സങ്കടം തോന്നി. എന്റെ കാരണവന്മാരെല്ലാം അറുപതിനോടടുക്കുമ്പോള്‍ മയ്യത്താകാറാണ് പതിവ്. എനിക്കെന്തോ അതിനുള്ള യോഗം ഉണ്ടായില്ല. അടുത്ത കര്‍ക്കിടകം ആകുമ്പോളെക്കും എന്റെ സമയമാകുമെന്ന വിശ്വാസമാണ്.
    വളരെ ആരോഗ്യവാനായിരുന്നു എന്റെ പിതാവ്. പിന്നെ പാപ്പനും. എല്ലാരേം അറുപതില്‍ കൊണ്ടോയി. എന്നെ മാത്രം തനിച്ചാക്കിയിട്ട്.

Leave a reply to Venkiteswaran മറുപടി റദ്ദാക്കുക